പി.എസ് പ്രശാന്തിനും അജികുമാറിനും സംഭവിച്ചത് ഗുരുതര വീഴ്ച'; ശബരിമല ദ്വാരപാലക കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

 



തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഗുരുതര കണ്ടെത്തലുമായി റിമാൻഡ് റിപ്പോർട്ട് പുറത്ത്. ദേവസ്വം ബോർഡ് മുൻ അധികൃതരുൾപ്പെടെയുള്ളവർ ചട്ടങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമച്ചും ഗൂഢാലോചന നടത്തിയും കൃത്രിമം കാട്ടിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പി.എസ് പ്രശാന്തും എ.അജികുമാറും ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ സഹായിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കൂടാതെ, ക്ഷേത്രമുതലുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്ന കർശന നിർദേശം പി.എസ് പ്രശാന്ത് ബോധപൂർവം അവഗണിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

2025ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാവിലെ കരകുളത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. സ്വർണകൊള്ള മറയ്ക്കുന്നതിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയതാണ് എസ്ഐടിയുടെ കണ്ടെത്തൽ.

2019 ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തിനെ കുറിച്ച് പ്രശാന്തിന് അറിവുണ്ടായിരുന്നു. പ്രശാന്ത് മനഃപൂര്‍വം കാര്യങ്ങൾ മറച്ചു വെച്ചെന്നും എസ്ഐടി വ്യക്തമാക്കുന്നു. അന്വേഷണത്തിൽ സർക്കാർ യാതൊരു തരത്തിലുമുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Post a Comment

0 Comments