തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക്. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ സതീശനുമായും അലോഷ്യസ് സേവ്യറുമായും സംസാരിച്ചു. തേവര കോളജിൽ വച്ച് അലോഷ്യസ് സേവ്യറെ അവഗണിച്ച് കടന്നുപോയത് മനപ്പൂർവമല്ലെന്ന് നേതാക്കൾക്ക് സതീശൻ വിശദീകരണം നൽകിയതായാണ് വിവരം. വിഷയത്തിന്മേൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് കെഎസ്‌യു അധ്യക്ഷന് പാർട്ടി നേതൃത്വം കർശനനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുക്കുമെന്നും നേതാക്കൾ ഉറപ്പുനൽകിയതായാണ് വിവരം.
നേരത്തെ, തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍, മുഖ്യമന്ത്രി അലോഷ്യസിന് മുഖംകൊടുത്തതേയില്ല. പിന്നാലെ അലോഷ്യസ് പരസ്യപ്രതികരണം നടത്തുകയായിരുന്നു. കെഎസ്യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ധൃതിയിൽ പോകുകയായിരുന്നു. ഇതിനിടെ അലോഷ്യസിനെ ശ്രദ്ധിച്ചില്ലെന്നാണ് മുഖ്യമന്ത്രി മുതിർന്ന നേതാക്കൾക്ക് നൽകിയ വിശദീകരണം.
വിവാദത്തിനിടെ കെഎസ്‌യുവിലും ഗ്രൂപ്പ് പോര് കനക്കുകയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അലോഷ്യസ് സേവ്യറിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് അഭിപ്രായപ്പെട്ട് എറണാകുളം ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും രംഗത്തെത്തുകയുണ്ടായി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു വിമര്‍ശനം. അതേസമയം, അലോഷ്യസിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു. കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെഎസ്‌യുവിന് കാര്യമുണ്ടെന്നാണ് ബാനറില്‍ പറയുന്നത്. ചരിത്രം മറക്കാന്‍ തയാറല്ലെന്നുംബാനറിലുണ്ട്. അതേസമയം, രാത്രി സ്ഥാപിച്ച ബാനര്‍ രാവിലെ അപ്രത്യക്ഷമാകുകയായിരുന്നു. ഇത്തരത്തിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് സമവായത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്.
0 Comments