വയനാട്: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് ഹിമാചൽ സ്വദേശിയായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും ചേർന്ന് മൃതദേഹം പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.
കാണാതായ അഞ്ചുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറ് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ പൂർണമായതായാണ് വിവരം. തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചിൽ.
മൃതദേഹം തുടർനടപടികൾക്കായി ഉടൻ വൈത്തിരി താലൂക്ക് ആശൂപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് തുടർന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. പ്രദേശത്ത് ഇനി തിരച്ചിലുണ്ടാകില്ല. പകരം ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും അപകടകാരണം പഠിക്കുന്നതിനുമുള്ള നടപടികളിലേക്ക് കടക്കും.

0 Comments