അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവം; എസ്എസ്കെക്ക് കീഴിലെ സ്പെഷ്യൽ അധ്യാപകരുടേയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടേയും അടിയന്തരയോഗം വിളിക്കാൻ നിർദേശം



തിരുവനന്തപുരം: ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ പശ്ചാത്തലത്തിൽ എസ്എസ്കെക്ക് കീഴിലെ സ്പെഷ്യൽ അധ്യാപകരുടേയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടേയും അടിയന്തരയോഗം വിളിക്കാൻ നിർദേശം. എസ്എസ്കെ ജില്ലാ കോഡിനേറ്റർമാർക്കാണ് നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ ഈയാഴ്ച തന്നെ യോഗം ചേരാനും നിർദേശമുണ്ട്. യോഗത്തിന്റെ മിനുട്സ് സംസ്ഥാന കാര്യാലയത്തിൽ എത്തിക്കണമെന്നും സർക്കുലറിലുണ്ട്.

എല്ലാ ബിആർസി കോർഡിനേറ്റർമാരും ജാഗ്രതപാലിക്കണം. എല്ലാ മേഖലകളിലേയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷണമെന്നും സ്റ്റേറ്റ് പ്രൊജക്ട് കോർഡിനേറ്റർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. ഓട്ടിസം സെന്‍ററുകളിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന വീടുകളിലും സ്കൂളുകളിലും ബ്ലോക്ക് കോർഡിനേറ്റർമാർ സന്ദർശനം നടത്തി ജില്ല പ്രൊജക്ട് കോർഡിനേറ്റർക്ക് റിപ്പോർട്ട് നൽകണം എന്നും സർക്കുലറിലുണ്ട്.

ലഹരിക്കേസിൽ ഇന്നലെയാണ് മൂന്നാമത്തെ അധ്യാപികയും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഈ സാഹചര്യത്തിലാണ് സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രൊജക്ട് കോർഡിനേറ്റർ സർക്കുലർ ഇറക്കിയിരിക്കുന്നത്. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയായ നീഷ്മയാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ലഹരി കേസിൽ അറസ്റ്റിലായതോടെ നീഷ്‌മയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. നിലവിൽ ലഹരി വിൽപന നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ഒരാളും എസ്ഐടിയുടെ കസ്റ്റഡിയിലുണ്ട്. നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് മറ്റു രണ്ട് അധ്യാപകർ അറസ്റ്റിലായിരുന്നു. കീർത്തന, കാവ്യ എന്നിവരാണ് മുമ്പ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്നു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കീർത്തനയെയും കാവ്യയെയും ചോദ്യം ചെയ്തപ്പോൾ ഇരുവരും നീഷ്‌മയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ നീഷ്‌മയിലേക്കും അന്വേഷണം നീളുകയായിരുന്നു. കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ലഹരി സംഘം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. സഫ്വാന്‍ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ലഹരി വില്‍പനയിലൂടെ ലഭിച്ച പണം കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയത്. പണം കാവ്യയുടെ അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴി നിശ്ചിത ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു ലഹരി സംഘത്തിന്റെ രീതി.

Post a Comment

0 Comments