കോഴിക്കോട്: ആസൂത്രണബോര്‍ഡിലെ വിവാദ നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയവര്‍ക്ക് എല്ലാ രേഖകളും കൈമാറണമെന്നാണ് നിര്‍ദേശം.
ഉത്തരക്കടലാസും അഭിമുഖത്തിന് നല്‍കിയ മാര്‍ക്കിന്റെയും വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന രേഖകളാണ് പുറത്തുവിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.
ഇതുപ്രകാരം, പരീക്ഷ എഴുതിയ എല്ലാവരുടേയും മാര്‍ക്ക് ലിസ്റ്റും പരീക്ഷ പേപ്പറിന്റെ പകര്‍പ്പും കൈമാറണം. ഇതിലൂടെ പരീക്ഷയില്‍ കൂടുതല്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്നാണ് നിഗമനം.
ചീഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസെട്രക്ടര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷയില്‍ 10 ഉത്തരങ്ങള്‍ പരിശോധിച്ചില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ആസൂത്രണബോര്‍ഡിലെ ചീഫ് തസ്തികകളിലേക്ക് നടന്ന 225 മാര്‍ക്കിന്റെ പരീക്ഷയില്‍, 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് ഈ വിഷയം പരീക്ഷാ കണ്‍ട്രോളറെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജു അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷാ ക്രമക്കേടില്‍ പരീക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏല്‍പ്പിച്ചതിനെതിരെ പിഎസ്‌സിയിലെ ഇടതുപക്ഷ അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ത്തി.
ചെയര്‍മാന്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. പിന്നാലെ ആഭ്യന്തര വിജിലന്‍സ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ക്രമക്കേട് അന്വേഷിപ്പിക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയും ചെയ്തു.
വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് അനുകൂല നിയമോപദേശം ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് പിഎസ്‌സി തെറ്റ് സമ്മിതിക്കുകയും ചെയ്തു. ആസൂത്രണബോര്‍ഡിലെ പരീക്ഷാ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പിഎസ്‌സി പത്രക്കുറിപ്പിറക്കി.
%20(1).jpg)
0 Comments