ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ബ്രഹ്മോസ് മിസൈൽ കരാറിലൂടെ ചരിത്രം കുറിക്കാൻ ഇന്ത്യ




ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ ഇൻഡൊനീഷ്യൻ സന്ദർശനത്തിനിടെ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തും. ജൂലായ് ആറിന് ആരംഭിക്കുന്ന സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മാർച്ചിൽ ഒപ്പുവെച്ച പ്രാഥമിക ധാരണയ്ക്കപ്പുറം കൂടുതൽ വിപുലമായ കരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്തു. മൊബൈൽ ലോഞ്ചറുകൾ, നിരീക്ഷണ റഡാറുകൾ, പരിശീലനം, അറ്റകുറ്റപ്പണി, ദീർഘകാല പിന്തുണ എന്നിവ അടങ്ങുന്ന ഒരു സമഗ്ര പാക്കേജിനെക്കുറിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കരാർ അന്തിമമായാൽ, ഫിലിപ്പീൻസിന് ശേഷം ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്ന രണ്ടാമത്തെ വിദേശരാജ്യമായി ഇൻഡൊനീഷ്യ മാറും. ഇത് ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. മിസൈൽ സംവിധാനങ്ങൾക്ക് പുറമെ, അവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക സഹായം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഡി.ആർ.ഡി.ഒ.യും റഷ്യയുടെ എൻ.പി.ഒ. മാഷിനോസ്ട്രോയേനിയയും ചേർന്ന് 1998-ൽ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ സുപ്രധാന ഭാഗമായി ബ്രഹ്മോസ് കയറ്റുമതി മാറിക്കഴിഞ്ഞു. 2022-ൽ ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

2024-ൽ മിസൈലുകൾ കൈമാറിയതോടെയാണ് ബ്രഹ്മോസിന്റെ വിദേശത്തേക്കുള്ള ആദ്യ കയറ്റുമതി യാഥാർഥ്യമായത്. ഇതിനുശേഷം വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ഇൻഡൊനീഷ്യയുമായുള്ള കരാർ ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധത്തിനും വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments