തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗികവസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.
ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധമാർച്ച്. കോൺഗ്രസിനും രാഹുലിനുമെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി പ്രവർത്തകരുടെ നീക്കം. ഇവർ കോലം കത്തിക്കുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാനുള്ള നീക്കം നടത്തി. പോലീസ് നടപടിയിൽ പരിക്കേറ്റ പ്രവർത്തകരിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി.വി. രാജേഷ്, ഷോൺ ജോർജ്, എസ്. സുരേഷ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിലുണ്ടായിരുന്നു.
വെള്ളയമ്പലം-ശാസ്തമംഗലം റോഡിലാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതിചെയ്യുന്നത്. പ്രതിഷേധമാർച്ചിനെയും പോലീസ് നടപടിയെയും തുടർന്ന് ഇവിടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
%20(1).jpg)
0 Comments