അഖിൽ മാരാർ വീണ്ടും രംഗത്ത്; സാബു എം. ജേക്കബുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടു

 



കൊച്ചി: ട്വന്റി20 പാർട്ടിയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ പാർട്ടി ചെയർമാൻ സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ ശക്തമാക്കി അഖിൽ മാരാർ. 'ഞാൻ നേരിട്ട ചതികളുടെ സത്യം ഈ ചാറ്റുകൾ പറയും' എന്ന കുറിപ്പോടെയാണ് സാബു എം. ജേക്കബുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ അഖിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കൊട്ടാരക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20യുമായി കൈകോർത്തതെന്നും, എന്നാൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പാർട്ടി തന്നെ വഞ്ചിച്ചുവെന്നുമാണ് അഖിലിന്റെ ആരോപണം. പിന്നീട് തൃപ്പൂണിത്തുറ സീറ്റും ഉറപ്പുനൽകിയെങ്കിലും അത് നടപ്പായില്ലെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം പലതവണ ബന്ധപ്പെട്ടിട്ടും സാബു എം. ജേക്കബിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്നും അഖിൽ ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഇല്ലാതെയാണ് പ്രചാരണം നടത്തിയതെന്നും, സോഷ്യൽ മീഡിയയിലൂടെ സൃഷ്ടിച്ച പിന്തുണ മാത്രമാണ് തനിക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടായി സാബു എം. ജേക്കബിന് വലിയ തുക ലഭിച്ചെന്ന ആരോപണവും അഖിൽ വീണ്ടും ഉന്നയിച്ചു. എന്നാൽ, ഈ ആരോപണങ്ങൾക്ക് സാബു എം. ജേക്കബിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Post a Comment

0 Comments