അപകടസമയത്ത് ഡ്രൈവിങ് ലൈസൻസില്ലെങ്കിൽ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവാദിത്തമില്ല: സുപ്രിംകോടതി

 



ന്യൂഡൽഹി: വാഹനാപകടം നടക്കുമ്പോൾ ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ കൊടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, അപകടത്തിൽപ്പെട്ട ഇരകൾക്ക് ദുരിതം ഉണ്ടാകാതിരിക്കാൻ 'പേ ആൻഡ് റിക്കവർ' കോടതി ബാധകമാക്കി. ഇതുപ്രകാരം ഇൻഷുറൻസ് കമ്പനി ഇരകൾക്ക് നഷ്ടപരിഹാര തുക ആദ്യം നൽകണം. തുടർന്ന് ഈ തുക മുഴുവനായി വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും ഈടാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും.

റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ മുൻ ഉത്തരവ് സുപ്രിംകോടതി ശരിവെച്ചത്.

2009 ഒക്ടോബർ 14-നുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് 2007 ജൂണിൽ കാലാവധി കഴിഞ്ഞതായിരുന്നു. അപകടത്തിനു ശേഷം 2010 ആഗസ്റ്റിൽ പിഴയടച്ചാണ് ലൈസൻസ് പുതുക്കിയത്.

ഡാറ്റാ മൈഗ്രേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം രേഖകൾ നഷ്ടപ്പെട്ടതാണ് ലൈസൻസ് പുതുക്കാൻ വൈകിയതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിയ സുപ്രിംകോടതി, പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ലൈസൻസ് കാലാവധി കഴിഞ്ഞ് പിന്നീട് പിഴയൊടുക്കി പുതുക്കിയാലും, ഇടയിലുള്ള കാലയളവിൽ ലൈസൻസിന് സാധുതയുണ്ടായിരുന്നതായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് സാധുതയുള്ള ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം വാഹന ഉടമകൾക്കുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ഡ്രൈവിങ് ലൈസൻസുകൾ കൃത്യസമയത്ത് പുതുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ റോഡ് ഗതാഗത മന്ത്രാലയത്തോട് സുപ്രിംകോടതി നിർദേശിക്കുകയും ചെയ്തു.

Post a Comment

0 Comments