കലക്ടറേറ്റിൽ കൊതുക് പ്രജനന കേന്ദ്രങ്ങൾ രൂപപ്പെടാതിരിക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും




ജില്ലാ കലക്ടറേറ്റ് വളപ്പിലെ ഒഴിഞ്ഞ സ്ഥലങ്ങളും തൊട്ടടുത്തുള്ള സർക്കാർ ഓഫീസ് പരിസരങ്ങളും കൊതുകു പ്രജനന കേന്ദ്രങ്ങൾ ആകാതിരിക്കാൻ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

ജീവനക്കാർക്ക് പരിശീലനം നൽകുന്നു. ഓരോ ഓഫീസിലെയും പാർട് ടൈം സ്വീപ്പർ, ഒരു ജീവക്കാരൻ/ജീവനക്കാരി എന്നിവർക്കാണ് ആഗസ്റ്റ്‌ മൂന്നിന് കളക്ടറേറ്റിൽ വെച്ച് പരിശീലനം നൽകുക.

വെള്ളിയാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനുപുറമേ ഇന്ന് (ആഗസ്റ്റ്‌ 1) ഉൾപ്പെടെ എല്ലാ ശനിയാഴ്ചകളിലുമുള്ള ഓഫീസുകളിലെ ഡ്രൈ ഡേ ആചരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയും ചെയ്യും.

ജൂലൈ 25ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആഭിമുഖ്യത്തിൽ കലക്ടറേറ്റിലെയും സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, താലൂക്ക് ഓഫീസ് ഉൾപ്പെടെ സമീപത്തെ 102 സർക്കാർ ഓഫീസുകളിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. ഇതിൽ 16 ഇടത്ത് കൊതുകുകളുടെ ലാർവ കണ്ടെത്തി.

ഓഫീസുകളുടെ പരിസരത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെള്ളം കെട്ടികിടന്നാണ് കൂത്താടികൾ രൂപപ്പെടുന്നത്. കേസുകളിലും മറ്റും ഉൾപ്പെട്ട, ദീർഘകാലമായി നിർത്തിയിട്ട വാഹനങ്ങളിലും വെള്ളം കെട്ടിക്കിടന്ന് സമാനാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

ഉപയോഗശൂന്യമായ ടയറുകൾ, ബക്കറ്റുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ വെള്ളം കെട്ടിനിർത്താൻ സാധ്യതയുള്ളതിനാൽ ഉടൻ നീക്കം ചെയ്യണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം പി.എൻ പുരുഷോത്തമൻ നിർദ്ദേശിച്ചു. ഫോഗിംഗ്, ഇൻഡോർ സ്പ്രേ ഉൾപ്പെടെ കൊതുക് നശികരണ പ്രവൃത്തികൾ ഇടയ്ക്കിടെ ചെയ്യുന്നുണ്ടെന്ന് വെക്ടർ കണ്ട്രോൾ യൂണിറ്റ് അറിയിച്ചു.

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ സുബൈർ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ ഡോ. ഷിനി കെ.കെ, ഹുസൂർ ശിരസ്ത്ദാർ രാജേഷ്‌ ഖന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സച്ചിൻ കെ. സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments