'ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുകയാണ്'; എം.വി ഗോവിന്ദനെതിരെ ജി.സുധാകരൻ

 



ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ. വർഗവഞ്ചകനാണ് ഗോവിന്ദൻ. പാർട്ടി നശിക്കട്ടെയെന്നാണ് ഗോവിന്ദന്‍റെ ചിന്ത. രാഷ്ട്രീയ വകതിരിവ് ഇല്ലാത്തയാളാണ് ഗോവിന്ദൻ. നാണമില്ലാതെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സഖാവ് സി.എച്ച് കണാരന്‍റെയും എകെജിയുടെയും ഇഎംഎസിന്‍റെയും കാലത്ത് പാര്‍ട്ടിയിൽ വന്നയാളാണ് ഞാൻ. ഗോവിന്ദനൊന്നും അന്ന് പാര്‍ട്ടിയിൽ ഇല്ല. വളരെ ജൂനിയറാണ്. ഞാനിന്ന് വരെ ഗോവിന്ദനെതിരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. അവസാനം കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുകയാണോ. ഒരു കാര്യവുമില്ലാത ഞാൻ വര്‍ഗവഞ്ചകനാണെന്ന് പറയുന്നു. ഗോവിന്ദനാണ് വര്‍ഗവഞ്ചകൻ. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അവരാണ് വര്‍ഗവഞ്ചകൻ. ഞാൻ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല, കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നത്. ഞാനൊരു പാര്‍ട്ടിയിൽ ചേര്‍ന്നിട്ടുപോലുമില്ല.

കോൺഗ്രസ് എന്ന ചളിക്കുണ്ടിൽ വീണുവെന്ന് പറഞ്ഞു. ഞാനൊരു ചളിക്കുണ്ടിലും വീണിട്ടില്ല. ഞാൻ ഒരിടത്തും പോയില്ല. കോൺഗ്രസ് ചളിക്കുണ്ടാണെങ്കിൽ തമിഴ്നാട്ടിൽ കോൺഗ്രസും മുസ്‍ലിം ലീഗും ഡിഎംകെയും അടങ്ങുന്ന മുന്നണിയിൽ അല്ലേ സിപിഎമ്മും സിപിഐകയും. രണ്ടും രണ്ടും നാല് പാര്‍ലമെന്‍റ് സീറ്റ് കിട്ടിയത് കോൺഗ്രസിന്‍റെ പിന്തുണയോടെയല്ലേ. രാജസ്ഥാനിൽ ഒരു സീറ്റ് കിട്ടുന്നത് കോൺഗ്രസിന്‍റെ പിന്തുണയോടെയല്ലേ. കേരളത്തിൽ നിന്നാകെ സ്വന്തം ശക്തിയിൽ ഒരു സീറ്റാണ് കിട്ടിയത്. അങ്ങനെ ഒറ്റ സീറ്റിലേക്ക് ഈ പാര്‍ട്ടിയെ എത്തിച്ച ഗോവിന്ദനെ നാണമില്ലേ ആ സ്ഥാനത്തിനിരിക്കാൻ. എന്തിനാണ് ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്. ഞാൻ എൽഡിഎഫിലുമില്ല.യുഡിഎഫിലുമില്ല ഞാൻ സ്വതന്ത്രനാണ്. മുഖ്യമന്ത്രി സതീശന്‍റെ നല്ല കാര്യങ്ങൾക്ക് ഞാൻ നിയമസഭയിൽ വോട്ട് ചെയ്യും. ഗോവിന്ദന്‍റെ പാര്‍ട്ടിക്ക് അവിടെ ശക്തമായ പ്രതിപക്ഷമില്ല'' സുധാകരൻ കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments