കുറ്റിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിതവേഗത; പ്രത്യേക അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തി

 



മലപ്പുറം: കുറ്റിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഹൈഡ്രോപ്ലെയിനിങ് അപകടം സാധ്യത വര്‍ധിപ്പിച്ചുവെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപകടതയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് സര്‍വീസ് റോഡ് നല്‍കിയത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

അപകടം നടന്ന പാതയില്‍ ഹൈഡ്രോപ്ലെയിനിങ്ങിനുള്ള സാധ്യത കൂടുതലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോസ്‌മെന്റിന്റെ പ്രാഥമിക നിഗമനം. റോഡിനും ടയറിനുമിടയില്‍ വെള്ളപ്പാളി രൂപപ്പെട്ട് ഇവ തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്.

എതിര്‍ ദിശയിലേക്കുള്ള റോഡിലെ വെള്ളം ഒലിച്ചുവരുന്നത് അപകടം നടന്ന ഭാഗത്തെ റോഡിലേക്കാണ്. ദേശീയപാതയില്‍ ഇത് അനുവദനീയമല്ല.ഓരോ ഭാഗത്തെയും വെള്ളം അതേ ഭാഗത്തേക്ക് ഒഴുക്കി കളയണം.

വെള്ളമുള്ള റോഡിലൂടെ അമിതവേഗത്തില്‍ വന്നതോടെ ബസിന്റെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണ ബലം നഷ്ടപ്പെട്ടിരിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

അപകടത്തില്‍ ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയിലായിരുന്നു നടപടി.

അതേസമയം അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്.

Post a Comment

0 Comments