നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കുക എന്നത് മാത്രമാണ് ഏക പോംവഴി; ശക്തമായ നിലപാടുമായി എം.കെ. സ്റ്റാലിൻ

 




നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ രംഗത്ത്. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ആദ്യം മുന്നറിയിപ്പ് നൽകിയത് തമിഴ്നാടും ഡിഎംകെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നീറ്റിനെതിരെയുള്ള ഡൽഹിയിലെ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് വീണ്ടും കൊണ്ടുവന്നിട്ടുണ്ടെന്നും, ഈ പരീക്ഷ പൂർണ്ണമായി റദ്ദാക്കുക എന്നത് മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഡിഎംകെയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും പ്രധാന ആവശ്യം സമരത്തിന്റെ ഹൃദയഭാഗത്ത് തന്നെ നിലനിർത്തണമെന്നും എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണയുമായി എത്തിയത്. ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും നേതാക്കൾക്കും നേരെ നടക്കുന്ന നടപടികളിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഡൽഹിയിൽ നടക്കുന്ന സമരം കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജിക്കുകയാണെന്ന് പിണറായി വിജയനും വ്യക്തമാക്കി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ അദ്ദേഹം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇടത് സംഘടനകളും വിവിധ പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.

Post a Comment

0 Comments