കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് മറ്റ് സുരക്ഷാ വകുപ്പുകൾക്കൊപ്പം ആരോഗ്യവകുപ്പും അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കി. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും സയൻ്റിഫിക് ഓർഡർ പ്രകാരം പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്.
ദുരന്തസ്ഥലത്ത് ആരോഗ്യവകുപ്പിൻ്റെയും 108ന്റെയും ആംബുലൻസുകൾ ഉൾപ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങൾ രക്ഷാപ്രവർത്തനത്തിനായി ആദ്യഘട്ടത്തിൽ തന്നെ വിന്യസിച്ചിരുന്നു. വയനാട് ഡി.എം.ഒ ഡോ. മൊയ്തീൻ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷീജ വി.ആർ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിൻ്റെ എല്ലാവിധ രക്ഷാപ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരുന്നത്.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 9 പേരിൽ രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്‌ചാർജ്ജ് ചെയ്‌തു. നിലവിൽ ഏഴുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ മലയാളിയാണ്. സൈറ്റ് എൻജിനീയറായ എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിൻ്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അതേസമയം, പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ ഒരാൾക്ക് തലയ്ക്കും രണ്ട് കാലുകൾക്കും പൊട്ടലുണ്ട്. മറ്റേയാൾക്ക് രണ്ട് കാലുകൾക്കുമാണ് പൊട്ടലേറ്റത്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുൻകരുതലിൻ്റെ ഭാഗമായി മേപ്പാടി പോളിടെക്നിക്കിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രദേശത്തെ 42 കുടുംബങ്ങളിൽ നിന്നായി 142 പേരെ മാറ്റിപ്പാർപ്പിച്ചു.
ക്യാമ്പിലുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഒരു ആംബുലൻസും മെഡിക്കൽ ടീമും ക്യാമ്പിൽ 24 മണിക്കൂറും സന്നദ്ധമായി തുടരുന്നുണ്ട്. ആരോഗ്യവകുപ്പിൻ്റെ എല്ലാവിധ സേവനങ്ങളും പ്രദേശത്ത് തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
%20(1).jpg)
0 Comments