യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളിൽവെച്ച് കാണാതായി




കറാച്ചി: യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളിൽവെച്ച് കാണാതായി. അഞ്ച് ജീവനക്കാരുമായി പറന്ന കെ-2 എയർവേയ്‌സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപം വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

പാകിസ്താൻ സമയം രാത്രി 9:18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും 9:21-ഓടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി. കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം അസ്വാഭാവികമായ രീതിയിൽ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ 24-ലെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടൽനിരപ്പിൽ നിന്ന് 1,100 അടി ഉയരത്തിൽ വെച്ച് അവസാന സിഗ്നൽ ലഭിക്കുമ്പോൾ മിനിറ്റിൽ 22,400 അടി എന്ന വേഗതയിലാണ് വിമാനം താഴേക്ക് പോയിരുന്നത്.

ബലൂചിസ്താൻ പ്രവിശ്യയിലെ ഒർമാറയ്ക്ക് സമീപം അറബിക്കടലിൽ വിമാനം തകർന്നു വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പാകിസ്താൻ എയർപോർട്ട് അതോറിറ്റി വിപുലമായ തിരച്ചിൽ ആരംഭിച്ചു. പാകിസ്താൻ നാവികസേനയുടെ യുദ്ധക്കപ്പൽ, വ്യോമസേനയുടെ വിമാനങ്ങൾ, നേവിയുടെ വിമാനം എന്നിവ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു ചരക്ക് കപ്പലും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്.

27 വർഷം പഴക്കമുള്ള ഈ വിമാനം നേരത്തെ റഷ്യൻ വിമാനക്കമ്പനിയാണ് സർവീസ് നടത്തിയിരുന്നത്. 2012-ൽ ചരക്ക് വിമാനമാക്കി മാറ്റിയ ഇതിനെ 2024-ലാണ് കറാച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ കെ2 എയർവേയ്‌സ് ഏറ്റെടുത്തത്.

Post a Comment

0 Comments