വീണ്ടും ഹോർമുസ് അടച്ച് ഇറാൻ; ഉപരോധം ലംഘിച്ച് ബദൽ പാതയിലൂടെ കടക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്നും മുന്നറിയിപ്പ്



തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ട്. മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ലോകത്തെ പ്രധാന ചരക്കുപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹോർമുസിന് പകരം അമേരിക്ക നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ പുതിയ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിന് തീപിടിക്കുകയും ചെയ്തിരുന്നു. അതേസമയം, ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക.

കപ്പൽ ആക്രമണത്തിന് പിന്നാലെ തെക്കൻ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, ബുഷഹർ, ചബഹർ, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് യുഎസ് ശക്തമായ ബോംബാക്രമണം അഴിച്ചുവിട്ടത്. പുതിയ ആക്രമണങ്ങളിലെ ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, ഈ ആഴ്ച ഇറാനുനേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. മുൻപുണ്ടായ രണ്ട് യുഎസ് ആക്രമണങ്ങളിലായി 17 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിൻപ്രകാരമാണ് പുതിയ ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ സ്വീകരിക്കുന്നത് തെറ്റായ തെരഞ്ഞെടുപ്പാണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു.

അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മുൻ പരമോന്നത നേതാവ് ഖാംനഈയുടെ വധത്തിന് കടുത്ത പകരം ചോദിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ വ്യക്തമാക്കി. ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഇറാന്റെ പ്രതികാര നടപടികളെന്നാണ് റിപ്പോർട്ടുകൾ. വിവിധ മധ്യസ്ഥ രാജ്യങ്ങൾ ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാൻ തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇരുരാജ്യങ്ങളും കടുത്ത സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത്.

Post a Comment

0 Comments