തിരുവന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ഫീച്ചർ വിവാദത്തിൽ നടപടി. വാരാന്തപതിപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.ആർ അജയനെ ചുമതലകളിൽ നിന്ന് മാറ്റി. കെ.ആർ അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. കൂടുതൽ നടപടി ഉണ്ടായേക്കും.
വി.എസ് അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ വി.എസ് അനുസ്മരണം ഉള്ള വാരാന്തപതിപ്പിൽ 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന പേരിൽ ഫീച്ചർ ഉൾപ്പെട്ടു എന്ന കാരണത്തിൽ ഞായറാഴ്ച ദേശാഭിമാനി വാരാന്തപതിപ്പ് വിതരണം ചെയ്തിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ റസിഡന്റ് എഡിറ്റർ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് വിശദീകരണവുമായി രംഗത്തുവന്നു. ഒരു യൂനിറ്റിൽ വാരാന്തപതിപ്പ് അച്ചടിക്കാൻ സാധിക്കാത്തത് കൊണ്ടാണ് വിതരണം ചെയ്യാത്തത് എന്നായിരുന്നു വിശദീകരണം. തുടർന്ന് തിങ്കളാഴ്ചയിലെ പത്രത്തിനൊപ്പമാണ് വാരാന്തപതിപ്പ് വിതരണം ചെയ്തത്. അതിൽ വിവാദമായ ഫീച്ചർ ഉണ്ടായിരുന്നില്ല.
ഇന്നലെ തന്നെ കെ.ആർ അജയനോട് സിപിഎം നേതൃത്വം വിശദീകരണം തേടിയിരുന്നു. ഫീച്ചറിന്റെ തലക്കെട്ടിൽ പ്രശ്‌നമില്ലെന്ന നിലപാടാണ് കെ.ആർ അജയൻ സ്വീകരിച്ചിരുന്നത്. അതിന് പിന്നാലെ വാരാന്തപതിപ്പ് എഡിറ്ററുടെ മുറി പൂട്ടിയിട്ടതും വിവാദമായിരുന്നു അതിന് പിന്നാലെയാണ് അജയനെ ചുമതലകളിൽ നിന്ന് മാറ്റിയിരിക്കുന്നത്. ഫീച്ചർ ഒഴിവാക്കി വാരാന്തപതിപ്പ് പുറത്തുവന്നതിന് പിന്നാലെ 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ' ഫീച്ചർ എഴുതിയ ടി.സി രാജേഷ് കുറിപ്പ് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
0 Comments