ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

 

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹരജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റൻറ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹരജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം.

ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 60 ദിവസത്തിലേറെയായി 24 പ്രവർത്തകർ ജാമ്യം ലഭിക്കാതെ ജയിലിലാണ്. രണ്ടുവട്ടം സെഷൻസ് കോടതി ജാമ്യ ഹരജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജയലിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. പതികൾക്കായി മുൻ ഡിജിപി ടി.എ ഷാജി, എജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്.രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്.

Post a Comment

0 Comments