നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമർപ്പിക്കും



ന്യൂഡൽഹി: നീറ്റ് യുജി 2026 ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമർപ്പിക്കും. അനുബന്ധ രേഖകൾ സമർപ്പിക്കാൻ സിബിഐക്ക് മൂന്ന് ദിവസം കൂടി പ്രത്യേക അതിവേഗ കോടതി അനുവദിച്ചു. കുറ്റപത്രത്തിനൊപ്പം രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. രേഖകൾ വലുതാണെന്നും സ്കാൻ ചെയ്തുവരികയാണെന്നും സിബിഐ വ്യക്തമാക്കി.

വിട്ടുപോയ സാക്ഷിമൊഴികളും അനുബന്ധ രേഖകളും സമർപ്പിക്കുന്നതിനായാണ് അതിവേഗ കോടതി മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചത്. 20,000 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളെയും 422 രേഖകളും 43 തൊണ്ടിമുതലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ സ്കാൻ ചെയ്ത് നൽകാൻ വലിയ സമയം വേണ്ടിവന്നതിനാലാണ് രേഖകൾ പൂർണമായി സമർപ്പിക്കാൻ വൈകിയത്.

കോച്ചിങ് സെന്‍റർ ഉടമകൾ ഉൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ടിയാണ് അതിവേഗത്തിൽ കുറ്റപത്രം തയ്യാറാക്കിയത്. യഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ശിരൂർ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കർ, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ.

കേസിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. കേസിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 12-നാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments