ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി നൽകിയ പണം ഏറ്റവും കൂടുതൽ തട്ടിയത് മഹാകുംഭമേളയിലെ ഭക്തജന തിരക്കിലാണെന്ന വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ വർഷം നടന്ന മഹാകുംഭമേള സമയത്ത് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്രാജിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്. ഈ സമയത്ത് അയോധ്യയിലെ രാമക്ഷേത്രത്തിലും അഭൂതപൂർവ്വമായ ജനത്തിരക്ക് അനുഭവപ്പെട്ടത്. ഭക്തരുടെ തിരക്ക് വർധിച്ചതോടെ ക്ഷേത്രത്തിന് ലഭിച്ച കാണിക്കയിലും വലിയ വർധനവുണ്ട്. ഈ വലിയ തിരക്ക് തട്ടിപ്പ് നടത്താൻ പ്രതികൾ മറയാക്കി എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേത്രത്തിൽ ഫണ്ട് തട്ടിപ്പ് നടക്കുന്നുണ്ടായിരുന്നെങ്കിലും ഏറ്റവും ഉയർന്ന തോതിലുള്ള തട്ടിപ്പ് നടന്നത് മഹാകുംഭമേള നടന്ന സമയത്തായിരുന്നു.
കേസിലെ എട്ട് പ്രതികളിൽ ലവ്കുഷ് മിശ്ര, അദ്ദേഹത്തിന്റെ അളിയനായ അനുകൽപ്പ് മിശ്ര എന്നിവരാണ് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾ സമ്പാദിച്ച വൻതോതിലുള്ള സ്വത്തുക്കൾ പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും ഇടപാടുകളും പൂർണ്ണമായി പുറത്തുകൊണ്ടുവരാൻ ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിന്റെയും മറ്റ് ഏജൻസികളുടെയും സഹായം തേടാനാണ് പൊലീസ് തീരുമാനം.
നേരത്തെ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ലവ്കുഷ് മിശ്ര പിന്നീട് രാമക്ഷേത്ര ട്രസ്റ്റിന് കീഴിൽ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാരനായി മാറുകയായിരുന്നു. കേസിനെത്തുടർന്ന് അയോധ്യ ജില്ലയിലെ മീനാപൂർ താക്കൂർ ഫഗൗലി ഗ്രാമത്തിലുള്ള ലവ്കുഷിന്റെ വസതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏകദേശം 12 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇയാളുടെ അളിയനായ അനുകൽപ്പ് മിശ്രയ്ക്ക് അയോധ്യയിൽ ഒരു ആഡംബര വീടും ഫാം ഹൗസും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ലവ്കുഷും അനുകൽപ്പും ഉൾപ്പെടെ അറസ്റ്റിലായ എട്ട് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അന്വേഷണ നിഴലിലായ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, സ്വന്തം ആളുകൾ തന്നെയാണ് തന്നെ വഞ്ചിച്ചതെന്ന് അടുത്ത അനുയായികളോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിവാദങ്ങൾക്ക് പിന്നാലെ ചമ്പത് റായ് തന്റെ രാജി ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന് സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ ട്രസ്റ്റ് യോഗത്തിൽ ഈ രാജി ചർച്ച ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് മുതിർന്ന ആർഎസ്എസ് നേതാക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും വിവരമുണ്ട്.

0 Comments