നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് പ്രകാരം അഞ്ച് കോടി രൂപ കൂടി കണ്ടെത്തി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിലെ ഷിഗല്ല രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ രോഗങ്ങൾ സംസ്ഥാനത്ത് നിയന്ത്രിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്കരണം വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള പരാതികൾ പരിശോധിച്ചുവരുന്നുണ്ട്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കും. വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കാൻ മുൻഗണന നൽകുമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

നീതി ആയോഗിന്റെ ആസ്പിറേഷണൽ ജില്ലാ ചലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുതിയ മോഡൽ ക്യാൻസർ കെയർ സെന്റർ കെട്ടിടം നിർമിക്കുന്നത്. അഞ്ച് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ ആറ് ഒ.പി, 20 ഡേ കെയർ കീമോ തെറാപ്പി വാർഡുകൾ, 35 കിടക്കകൾ വീതമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ, ഫാർമസി, സ്റ്റോർ, ലബോറട്ടറി, എം.ആർ.ഡി സെക്ഷൻ എന്നിവ ഉൾപ്പെടും. ആദ്യ ഘട്ടത്തിൽ മൂന്ന് നിലകളിലായി ആറ് ഒ.പി റൂമുകളും 20 ഡേ കെയർ കീമോതെറാപ്പി വാർഡുമാണ് നിർമിക്കുന്നത്. ഇതിനുപുറമെ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ഉഷ വിജയൻ എം.എൽ.എ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷയായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീൻ ഹാജി, മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ജി ബിജു, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മാസ്റ്റർ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആസ്യ മൊയ്തു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ചിന്നമ്മ ജോസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ടി ഉനൈസ്, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, അബ്ദുള്ള കേളോത്ത്, ടി വസന്ത കൃഷ്ണൻ, റോസമ്മ ബേബി, സിനി തോമസ്, മനോജ് നിട്ടറ, സി.ആർ ഷീല, എടവക ഗ്രാമപഞ്ചായത്ത് അംഗം കെ മുരളീധരൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജർ ബെന്നി ആന്റണി, പേരിയ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു ജോർജ്, പൊരുന്നന്നൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. മീര ജോർജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.