'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ഫീച്ചർ; വി.എസ് അനുസ്മരണ ലേഖനമുള്ള വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതെ ദേശാഭിമാനി

 



തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ വി.എസ് അച്യുതാനന്ദൻ അനുസ്മരണലേഖനം ഒഴിവാക്കി ദേശാഭിമാനി. വി.എസ്സിന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല. അച്യുതാനന്ദന്‍റെ മുൻ പ്രസ് സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ അനുസ്മരണലേഖനമാണ് വേണ്ടെന്നുവെച്ചത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് വിശദീകരണം.

'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്നായിരുന്നു ലേഖനത്തിന്‍റെ തലക്കെട്ട്. 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ വാരാന്തപ്പതിപ്പിൽ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാൻ കാരണം. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്നയാളെ കുറിച്ചായിരുന്നു ഫീച്ചർ. ഞായറാഴ്ചകളിൽ പതിവായി പുറത്തിറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല. വി.എസ്സിന്‍റെ മുൻ പ്രസ് സെക്രട്ടറിയും ചരിത്രകാരനുമാണ് ലേഖകൻ കെ.വി സുധാകരൻ.

പുതിയ കാലഘട്ടത്തിൽ വി.എസ്സിന്‍റെ ഓർമ പുതുക്കൽ അനിവാര്യഘടകമാണെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തേ സർക്കുലർ പുറത്തിറക്കിയിരുന്നു. പാർട്ടിയുടെ താഴേക്കിടയിലുള്ള പ്രവർത്തകരുടെ ചലനശേഷിയെ സ്വാധീനിക്കുന്ന തരത്തിൽ വി.എസ്സിന്‍റെ ചരമദിനം ആചരിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് ദേശാഭിമാനി പ്രസിദ്ധീകരണം തന്നെ പിൻവലിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാനാകില്ലെന്ന വിശദീകരണമാണ് നിലവിൽ ദേശാഭിമാനി തന്നെയും നൽകിയിരിക്കുന്നത്

Post a Comment

0 Comments