ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഉയർന്നുവന്ന വിദ്യാർഥി പ്രതിഷേധം രാജ്യത്തിന്റെ ഭാവി തലമുറയുടെ ആഴത്തിലുള്ള വികാരപ്രകടനമാണെന്നും, ബിജെപി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജനങ്ങളുടെ ഈ ഇടപെടലിനെ മാനിക്കണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുപരീക്ഷ തട്ടിപ്പ് തടയൽ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗിക്കാൻ ഉത്തരവിട്ടത് ആഭ്യന്തര മന്ത്രിയാണെന്ന് ആരോപിച്ച രാഹുൽ, അമിത് ഷാ ഭയന്നിരിക്കുകയാണെന്നും ലോക്‌സഭയിൽ വന്നിരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ലെന്നും വിമർശിച്ചു. കാറിലിരുന്നു അമിത് ഷാ വിറയ്ക്കുകയാണെന്നും 30 കാറുകളുടെ അകമ്പടിയിലാണ് സഞ്ചാരമെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഭരണപക്ഷത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ആഭ്യന്തരമന്ത്രിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ നടത്തിയ 'ഇഡിയറ്റ്' (വിഡ്ഢി) പരാമർശവും സഭയിൽ വലിയ ബഹളത്തിനും കേന്ദ്രമന്ത്രി കിരൺ റിജിജുവും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്കേറ്റത്തിനും വഴിവെച്ചു. പ്രതിഷേധിച്ച കുറച്ചു ചെറുപ്പക്കാരുമായി താൻ സംസാരിച്ചിരുന്നുവെന്നും, തങ്ങളെ കേൾക്കാൻ വിഡ്ഢികൾ തയ്യാറാകുന്നില്ലെന്നാണ് അവർ പറഞ്ഞതെന്നും രാഹുൽ സഭയിൽ വ്യക്തമാക്കി. അന്ധഭക്തർ ഇഡിയറ്റിനെ പിന്തുടരുകയും ദൈവത്തെപ്പോലെ കാണുകയും ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞതോടെ ഭരണപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു വിഷയത്തിൽ ഇടപെടുകയും രാഹുൽ ഗാന്ധിയുടേത് അൺപാർലമെന്ററി വാക്കാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സഭയിൽ തുടർച്ചയായി അൺപാർലമെന്ററി വാക്കുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ റിജിജു, ഇഡിയറ്റ് എന്ന് പറഞ്ഞ വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, താൻ 'ഇഡിയറ്റ്' എന്ന് ഉദേശിച്ചത് സഭയിലുള്ളവരെയോ മന്ത്രിമാരെയോ അല്ലെന്നും, ആർക്കും എതിരെയല്ല ഈ വാക്ക് ഉപയോഗിച്ചതെന്നും രാഹുൽ ഗാന്ധി വ്യക്തത വരുത്തി. തുടർന്ന്, സഭാരേഖകളിൽ നിന്ന് അൺപാർലമെന്ററി വാക്കുകൾ നീക്കം ചെയ്യുമെന്ന് സ്പീക്കർ ഓം ബിർള ഉറപ്പുനൽകിയതോടെയാണ് രംഗം ശാന്തമായതും രാഹുൽ ഗാന്ധി പ്രസംഗം പുനരാരംഭിച്ചതും.
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ തെരുവിലിറങ്ങിയ യുവാക്കളുടെ പ്രതിഷേധം അക്രമമോ വിദ്വേഷമോ അല്ല മറിച്ച് അഭിമാനകരമായ ഇടപെടലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി നേതാക്കൾ സ്വന്തം മക്കളോട് സംസാരിച്ചാൽ പോലും പരീക്ഷാ തട്ടിപ്പുകളിൽ യുവതലമുറയ്ക്കുള്ള അമർഷവും വികാരവും മനസിലാക്കാൻ സാധിക്കും. അധികാരികൾ കേൾക്കാൻ തയ്യാറാകാതിരുന്നപ്പോഴാണ് വിദ്യാർഥികൾ തെരുവിലിറങ്ങാൻ നിർബന്ധിതരായത്. യുവശക്തിയെ രാജ്യം അംഗീകരിക്കണം. ഈ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്നും ബിജെപി ഉൾപ്പെടെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും യുവജനങ്ങളുടെ ഈ വികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തെ ആർഎസ്എസ് പൂർണമായും പിടിച്ചെടുത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മേഖലയെ സർക്കാർ കൊള്ളയടിക്കുകയാണെന്നും രാഹുൽ ഗാന്ധി സഭയിൽ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെല്ലാം സ്വകാര്യവത്കരണം കൊണ്ടുവന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ പരിശോധിക്കുന്നത് പോലും സ്വകാര്യ കമ്പനികളാണെന്ന് വിമർശിച്ചു. രാജ്യത്ത് തുടർച്ചയായി ചോദ്യപ്പേപ്പർ ചോർച്ചകളുണ്ടാകുന്നുവെന്നും ഓരോ പരീക്ഷയിലും ഓരോ തരം തട്ടിപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുകൾക്ക് പിന്നാലെ ചിലർക്ക് മാത്രം വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുമ്പോൾ മറ്റു ചിലർക്ക് അതിന് സാധിക്കാത്ത വിവേചനവുമുണ്ട്. ചുരുക്കത്തിൽ, നിലവിലുള്ളത് വിദ്യാർഥികളോട് കൊടുംക്രൂരത കാണിക്കുന്ന ഒരു സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ അരങ്ങേറുകയും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബുധനാഴ്ച ബില്ലിന്മേലുള്ള ചർച്ച പുനരാരംഭിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
%20(1).jpg)
0 Comments