പെട്രോളിൽ 25 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള നീക്കം സർക്കാർ വൈകിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വാഹന നിർമാാതാക്കൾക്കടക്കം തയ്യാറെടുപ്പ് നടത്താൻ കൂടുതൽ സമയം നൽകുന്നതിന് വേണ്ടിയാണിതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനത്തിലെ എഥനോളിന്റെ അളവ് ധൃതിപിടിച്ച് ഇനിയും വർധിപ്പിക്കുന്നത് വാഹന ഉടമകൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും അടങ്ങിയ E25 ഇന്ധനം ഘട്ടം ഘട്ടമായി അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ E25 പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക സമയക്രമം കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പെട്രോളിൽ എഥനോൾ കലർത്തുന്ന നടപടി E20-ക്ക് അപ്പുറത്തേക്ക് പോകുമെന്നാണ് നിലവിലെ സൂചനകൾ. ഇതുസംബന്ധിച്ച രണ്ട് നയപരമായ തീരുമാനങ്ങൾ അടുത്തിടെ കേന്ദ്രം എടുത്തിരുന്നു. 22-30 ശതമാനം എഥനോൾ അടങ്ങിയ പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കുകയും, ഇത്തരം ഇന്ധന മിശ്രിതങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വിജ്ഞാപനം ചെയ്യുകയും ചെയ്തിരുന്നു.
വാഹനങ്ങളുടെ മൈലേജ്, പ്രകടനം, ഘടകങ്ങൾക്ക് സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് വാഹന ഉടമകൾ ഉന്നയിച്ച ആശങ്കകൾ കഴിഞ്ഞയാഴ്ച സർക്കാർ തലത്തിൽ നടന്ന യോഗം ചർച്ച ചെയ്തിരുന്നു. ആശങ്കകൾ ശാസ്ത്രീയമായി പരിഹരിക്കേണ്ടതാണെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ചില പരാതികൾ അതിശയോക്തി കലർന്നതാണെങ്കിലും വാഹന നിർമ്മാതാക്കൾ ഉപയോക്താക്കളോട് ഇത്തരം ആശങ്കകളെക്കുറിച്ച് പ്രതികരിക്കണമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
E20-ക്ക് ശേഷം നടപ്പാക്കേണ്ട മാറ്റങ്ങൾ ഘട്ടം ഘട്ടമായി വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വാഹന നിർമ്മാതാക്കളിൽ നിന്നും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. നിലവിലുള്ള വാഹനങ്ങൾക്ക് E25-ലേക്ക് ഘട്ടം ഘട്ടമായി മാറ്റാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
E20 പെട്രോൾ 2030 ഓടെ രാജ്യവ്യാപകമായി ലഭ്യമാക്കാനായിരുന്നു സർക്കാർ ആദ്യം ലക്ഷ്യമിട്ടിരുന്നത്, എന്നാൽ ഈ ലക്ഷ്യം അഞ്ച് വർഷം മുൻപാണ് നിശ്ചയിച്ചത്. വളരെ വേഗത്തിലുള്ള മാറ്റം E10 പെട്രോൾ ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ധനക്ഷമത കുറയുക, വാഹന ഘടകങ്ങളുടെ ഈടുനിൽപ്പ് കുറയുക തുടങ്ങിയ ആശങ്കകളാണ് വാഹന ഉടമകൾ മുന്നോട്ടുവെക്കുന്നത്. 80 ശതമാനം പെട്രോളും 20 ശതമാനം എത്തനോളും അടങ്ങിയ E20 നിലവിൽ രാജ്യത്ത് വിൽക്കുന്ന സ്റ്റാൻഡേർഡ് പെട്രോൾ മിശ്രിതമാണ്.
പെട്രോളിൽ എഥനോൾ കലർത്തുന്നതോടെ നേരിയ തോതിലെങ്കിലും മൈലേജ് കുറയാൻ ഇടയാക്കും. വാഹനത്തിന്റെ പഴക്കം, എൻജിൻ രൂപകൽപ്പന, സർട്ടിഫിക്കേഷൻ എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. എളനോൾ ഈർപ്പം വലിച്ചെടുക്കും എന്നതിനാൽ ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം ഉപയോഗിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്യാത്ത വാഹന ഘടകങ്ങളുടെ നാശത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പെട്രോളിയം ഇറക്കുമതിയും വാഹനങ്ങളുടെ കാർബൺ ബഹിഷ്‌കരണവും കുറയ്ക്കുന്നതിനായാണ് കേന്ദ്ര സർക്കാർ പെട്രോളിൽ എഥനോൾ കലർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.
%20(1).jpg)
0 Comments