കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. 285 ഇന്ത്യക്കാരെയാണ് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പ്രളയത്തിൽ മരണസംഖ്യ 389 ആയി ഉയർന്നു.
മലയാളികളായ 33 പേരടക്കം 285 ഇന്ത്യക്കാരെയാണ് ഇതുവരെ ബന്ധപ്പെടാൻ കഴിയാത്തത്. ഇവരെ കണ്ടെത്തുന്നതിനായി ഉള്ള നടപടി ആരംഭിച്ചതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. തൃശൂലി പ്രൊജക്ടിലെ ജീവനക്കാരായ 63 പേരെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ബംഗാളിൽ നിന്നുള്ള 37 പേരുടെ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൈന അതിർത്തിയിൽ കുടുങ്ങിയ 200 പേരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നായി 1500ലധികം പേരെയാണ് കണ്ടെത്താനുള്ളത്. റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടതിനാൽ വ്യോമ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. തിരച്ചിലിനായി പ്രത്യേക സംഘത്തെ ഇന്ത്യ ഉടൻ അയച്ചേക്കും. മരുന്നും ഭക്ഷണവും അടക്കമുള്ള സാമഗ്രികൾ വഹിച്ചുള്ള മൂന്നാം ഇന്ത്യൻ വിമാനം നേപ്പാളിലേക്ക് ഇന്ന് പുറപ്പെടും. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറും യുപിയും കനത്ത ജാഗ്രതയിലാണ്.

0 Comments