കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം

 



കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ​ഗുണ്ടാനേതാവ് ‌അർജുൻ ആയങ്കിക്ക് ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശക്തമായ ഉപാധികളോടെയും ബോണ്ട് തുകയോടുകൂടിയുമാണ് ജാമ്യം നൽകിയത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരണം.

കഴിഞ്ഞ ജൂലൈ 3ന് എറണാകുളം റൂറലിലെ പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ വെച്ചാണ് സുഹൃത്തിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അർജുൻ ആയങ്കിയെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന്, ഈ അറസ്റ്റിന് നേതൃത്വം നൽകിയ കോതമംഗലം എസ്എച്ച്‌ഒയെയും അന്വേഷണ ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ പൊലീസിനെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

അതേസമയം, രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ശിപാര്‍ശ കലക്ടര്‍ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് അര്‍ജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവിട്ടിരുന്നത്.

Post a Comment

0 Comments