'ദിമാഗി നക്‌സല്‍' പ്രയോഗവുമായി മോദി; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

 


ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 'ദിമാഗി നക്‌സല്‍' പ്രയോഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സായുധരായ നക്സലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു, എന്നാല്‍ തലച്ചോറില്‍ നക്സലിസം ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ ഇപ്പോഴും തുടരുന്നു' എന്നാണ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് മോദി പറഞ്ഞത്. പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി.

നേരത്തെ മോദി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ 'അര്‍ബന്‍ നക്‌സല്‍' പ്രയോഗം വിവാദമായിരുന്നു. ഇന്ന് 80ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പുതിയ പരാമര്‍ശം ഉന്നയിച്ചത്. സായുധ നക്‌സലിസം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടെങ്കിലും, സമൂഹത്തില്‍ അശാന്തിയും അക്രമവും സൃഷ്ടിക്കാന്‍ 'ദിമാഗി നക്‌സലുകള്‍' ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം

80 വര്‍ഷത്തെ സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ഇന്ത്യ നക്സലിസത്തിന്റെ പിടിയില്‍നിന്ന് പൂര്‍ണമായി മുക്തമായിക്കൊണ്ടിരിക്കുകയാണ്. നക്സലിസത്തിന് ഇന്ന് ശ്വാസമെടുക്കാന്‍പോലും ശേഷിയില്ലാത്ത അവസ്ഥയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

ഇതിന് മറുപടിയായാണ് എക്‌സിലൂടെ ജയ്‌റാം രമേഷ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. മുമ്പ് രാഷ്ട്രീയ എതിരാളികളെ 'അര്‍ബന്‍ നക്‌സലുകള്‍' എന്ന് ആക്ഷേപിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ അവരെ 'ദിമാഗി നക്‌സലുകള്‍' എന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ നിരാശയാണ് കാണിക്കുന്നതെന്ന് ജയ്റാം രമേഷ് ചൂണ്ടിക്കാട്ടി. 'അര്‍ബന്‍ നക്‌സലുകള്‍' അല്ലെങ്കില്‍ 'ദിമാഗി നക്‌സലുകള്‍' എന്ന് വിളിക്കുന്നവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പിന്നീട് പ്രധാനമന്ത്രിക്ക് നടപ്പിലാക്കേണ്ടി വരുന്നത്. 'മാസ്റ്റര്‍ അബ്യൂസര്‍ ഇന്‍ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' എന്ന നിലയിലാണ് പ്രധാനമന്ത്രി എം.എ നേടിയതെന്നും, അത് വെറുതെയല്ലെന്നും ജയ്‌റാം രമേഷ് പരിഹസിച്ചു.

Post a Comment

0 Comments