ഉത്തർപ്രദേശ്: കുടുംബ തർക്കത്തെത്തുടർന്ന് 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് യമുനാ നദിയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്ര സ്വദേശിയായ റിങ്കു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഭാര്യയുടേയും കുട്ടിയുടേയും ഒപ്പമാണ് ബൈക്കിൽ യമുനാ നദിയുടെ പാലത്തിലെത്തിയത്. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ഉടനെ 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഇയാൾ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ എറിഞ്ഞ ഉടനെ ഭാര്യയേയും പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഭാര്യ ബഹളം വെച്ചതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. തുടർന്ന് ഇയാളെ തടഞ്ഞുവെക്കുകയും കൈകാര്യം മർദിക്കുകയും ചെയ്തു. ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നദിയിൽ വീണ കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കുഞ്ഞിനെ കണ്ടെത്താനായി യമുനാ നദിയിൽ ഊർജിതമായ തിരച്ചിൽ നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റിങ്കുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

0 Comments