വിദ്വേഷ പരാമർശക്കേസ്: ടി.ജി മോഹൻദാസ് അറസ്റ്റിൽ

 



തിരുവനന്തപുരം: വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കുമെന്നും, പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം സമരക്കാരെ വെടിവെക്കുമെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. വെടിവെപ്പിൽ മരിക്കുന്നവരുടെ ശവശരീരങ്ങൾ പെറുക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുമെന്ന അത്യന്തം ക്രൂരമായ പരാമർശവും ഈ വിഡിയോയിലുണ്ടായിരുന്നു.

വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ടി.ജി മോഹൻദാസിന്റെ മറ്റൊരു പരാമർശം. സമരക്കാർക്കിടയിൽ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും, അതിൽ ആർക്കും പരാതിയുണ്ടാകില്ലെന്നും അദ്ദേഹം അധിക്ഷേപിച്ചു. ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ഈ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ.

കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഐവൈ.ഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഇതിനുപുറമെ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകളും സംഭവത്തിൽ പരാതി നൽകിയിരുന്നു.

Post a Comment

0 Comments