ഇഡി ഡയറക്ടർ രാഹുൽ നവീന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷം നീട്ടി

 



ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ രാഹുൽ നവീന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. ഇതോടെ 2027 ഓഗസ്റ്റ് 13 വരെ അദ്ദേഹം പദവിയിൽ തുടരും. കേന്ദ്ര പേഴ്സണൽ, പൊതുപരാതി, പെൻഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കാബിനറ്റിന്റെ നിയമന സമിതിയാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് രാഹുൽ നവീൻ.

ഔദ്യോഗികമായി 2027 ജൂലൈ 31-നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്. എങ്കിലും കാലാവധി നീട്ടി നൽകിയതോടെ വിരമിക്കൽ തീയതിക്ക് ശേഷവും അദ്ദേഹം ഇഡി ഡയറക്ടർ പദവിയിൽ തുടരും.

ബിഹാർ സ്വദേശിയായ രാഹുൽ നവീൻ ഐ.ഐ.ടി കാൺപൂരിൽ നിന്ന് ബി.ടെക്, എം.ടെക് ബിരുദങ്ങളും ആസ്ത്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ആദായനികുതി വകുപ്പിൽ 30 വർഷത്തിലധികം സർവീസ് പരിചയമുള്ള അദ്ദേഹം അന്താരാഷ്ട്ര നികുതി മേഖലയിലെ വിദഗ്ധനാണ്.

2019 നവംബറിലാണ് രാഹുൽ നവീൻ ഇഡിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ചുമതലയേൽക്കുന്നത്. തുടർന്ന് 2020 നവംബറിൽ ഇഡി സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടു. 2023 സെപ്റ്റംബർ 15-ന് ഇഡി ആക്ടിങ് ഡയറക്ടറായും, 2024 ഓഗസ്റ്റ് 14-ന് സ്ഥിരം ഡയറക്ടറായും നിയമിതനായി.

Post a Comment

0 Comments