സേവനങ്ങള്‍ വൈകുന്നുവെന്ന് പരാതി; പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി എന്‍. ഷംസുദ്ദീന്‍

 


തിരുവനന്തപുരം: പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാസമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ പരിശോധന.

പരീക്ഷാ ഭവനില്‍ എത്തിയ അപേക്ഷകരുടെ പരാതികള്‍ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി. അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നുമാണ് നിര്‍ദേശം.

പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതല്‍ മൂന്ന് മാസം വരെ കാലതാമസം നേരിടുന്നുണ്ടെന്നായിരുന്നു പരാതികള്‍. ഇക്കാര്യം നേരിട്ട് ബോധ്യമായ മന്ത്രി ഉടന്‍ തന്നെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങള്‍ സ്‌കൂളുകളില്‍ പോയി തിരുത്തി തിരിച്ചു വരുന്നതുകൊണ്ടുള്ള കാലതാമസമാണ് നിലവിലുള്ളതെന്ന് ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കാലാനുസൃതമായി മാറ്റം വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

അതിനുവേണ്ടി പരീക്ഷാ ഭവനില്‍ അടിയന്തരമായി 60 ലാപ്പ്‌ടോപ്പുകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകള്‍ എടുക്കുന്നില്ലെന്ന പരാതിയും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ റിസപ്ഷനിലും സൂപ്രണ്ടുമാര്‍ക്കും മൊബൈല്‍ ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അപേക്ഷകര്‍ കൂടുതല്‍ സമയം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

പരീക്ഷാ ഭവന്‍ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന് പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണര്‍ മോണിറ്ററിങ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശമുണ്ട്.

Post a Comment

0 Comments