വനം വകുപ്പിന് ജനകീയ മുഖം നല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ




ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച 'സഹജീവനം' ജനസേവന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് നൽകുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ അദാലത്തിലൂടെ കഴിയുമെന്നും ജില്ലയിലെ വിവിധ ഡിവിഷനുകളിലെ ആർ.ആർ.ടി, പി.ആർ.ടി എന്നിവയുടെ പ്രവർത്തനം മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ഗുണപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി.എസ് ദിലീപ് കുമാർ അധ്യക്ഷനായി. 

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അപേക്ഷകൾ അടിയന്തിരമായി തീർപ്പാക്കുക, വനാതിർത്തി പങ്കിടുന്ന ഭൂമിയുടെ എൻ.ഒ.സി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, വനം-വന്യജീവി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സമയബന്ധിതമായി തീർപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. വന്യ ജീവി സംഘർഷത്തിൽ മരണം, പരിക്ക്, കൃഷിനാശം തുടങ്ങിയവ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം വിതരണവും തീർപ്പാക്കിയ എൻ.ഒ.സികളുടെ വിതരണവും എം.എൽ.എ നിർവഹിച്ചു. അദാലത്തിൽ 15 എൻ.ഒ.സി അപേക്ഷകൾ തീർപ്പാക്കുകയും 85 അപേക്ഷകളിലായി 14.18 ലക്ഷം രൂപ  മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്തു. ആകെ 78 പരാതികളാണ് സഹജീവനം അദാലത്തിൽ ലഭിച്ചത്.  ഓരോ റേഞ്ച് ഓഫീസുകളുടെയും പരിധിയിലുള്ള പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ അദാലത്തിൽ സജ്ജീകരിച്ചിരുന്നു. 

വന്യജീവി സംഘർഷ ലഘൂകരണത്തിനായി പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ആർ.ആർ.ടി, പി.ആർ.ടി സേനാ അംഗങ്ങളെയും എൻ.ഒ.സി, നഷ്ടപരിഹാര അപേക്ഷകളിൽ അതിവേഗം നടപടികൾ പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയ ഡിവിഷൻതല ഉദ്യോഗസ്ഥരെയും പരിപാടിയിൽ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വനം വകുപ്പുമായി ബന്ധപ്പെട്ട എൻ.ഒ.സി, നഷ്ട പരിഹാരങ്ങൾ, വനം കേസുകൾ എന്നിവയെ സംബന്ധിച്ച് മുൻ ഗവ. പ്ലീഡർ അഡ്വ. പി എം ജോയി ക്ലാസെടുത്തു.  ചെതലത്ത് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ, കൽപ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി സലീം, മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി ബിജു, സൗത്ത് വയനാട് ഡിവിഷൻ സീനിയർ സൂപ്രണ്ട് പി.വി വിപിത തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, പൂതാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണൻ, മുള്ളൻകൊല്ലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു ആഷിഖ് അലി, വയനാട് വന്യജീവി സങ്കേതം എ.സി.എഫ് അജിത് കെ രാമൻ, വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments