ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്‌സ് പിൻമാറി. ഇന്ത്യയിലെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻമാറിയത്. 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നാണ് പിൻമാറ്റം.
പുസ്തകത്തിന്റെ ചില ഭാഗങ്ങളിൽ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തണമെന്ന് പെൻഗ്വിൻ ഇന്ത്യ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ വരുത്താൻ സോണിയ തയ്യാറാകാതിരുന്നതാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് വിവരം.
പെൻഗ്വിൻ പിന്മാറിയതോടെ മറ്റ് പ്രമുഖ പ്രസാധകർ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് അന്തിമഘട്ടത്തിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസാധകരായ അൽഫ്രഡ് എ ക്‌നോഫ് ആണ് നവംബർ 10ന് പുസ്തകം പുറത്തിറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം കോപ്പികൾ അച്ചടിക്കാനായിരുന്നു ക്‌നോഫിന്റെ തീരുമാനം.
സോണിയ ഗാന്ധി മുമ്പ് മറ്റു പല പുസ്തകങ്ങളും എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, അവരുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ വിവരങ്ങളും ഓർമകളും പങ്കുവെക്കുന്ന ആത്മകഥയാണിതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
ക്‌നോഫിന്റെ വാർത്താക്കുറിപ്പിൽ സോണിയ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ''എന്റെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ യഥാർത്ഥ ലക്ഷ്യങ്ങളിലേക്കോ പ്രവൃത്തികളിലേക്കോ മാനുഷികമായ വീഴ്ചകളിലേക്കോ എത്താൻ കുറച്ച് രചനകൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ... കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഞാൻ സാക്ഷ്യം വഹിച്ച സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെക്കുറിച്ച് വായനക്കാർക്ക് വേറിട്ടൊരു കാഴ്ചപ്പാട് നൽകാനും എന്റെ കഥയ്ക്ക് സാധിക്കും''
പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പെൻഗ്വിൻ നേരത്തെയും വാർത്തകളിൽ നിറഞ്ഞിരുന്നു. മുൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പുകൾ തങ്ങൾ അച്ചടിച്ചിട്ടില്ല എന്ന് ഈ വർഷം ആദ്യത്തിൽ പെൻഗ്വിൻ ബുക്‌സ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇതിന്റെ ഒരു അച്ചടിച്ച പകർപ്പ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉയർത്തിക്കാട്ടി. ഗൽവാനിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലുകളെക്കുറിച്ചും അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുമുള്ള നരവാനെയുടെ വിവരണങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.
കൂടാതെ, പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റ് ജോ സാക്കോ മുസാഫർനഗർ കലാപത്തെ ആസ്പദമാക്കി എഴുതിയ 'ദി വൺസ് ആൻഡ് ഫ്യൂച്ചർ റയറ്റ്' എന്ന പുസ്തകത്തിന്റെ പ്രസാധനത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറിയ വിവരം ഈ വർഷം ജൂണിൽ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

0 Comments