സ്വര്‍ണപ്പണയ വിപണിയിലേക്ക് കോര്‍പറേറ്റുകള്‍; ടാറ്റക്ക് പിന്നാലെ രണ്ട് കമ്പനികള്‍ കൂടി എത്തുന്നു




 കൊച്ചി: ടാറ്റക്ക് പിന്നാലെ സ്വര്‍ണപ്പണയ വിപണിയിലേക്ക് ബിര്‍ളയും ചുവടുവെക്കുന്നു. വായ്പ വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ആദിത്യബിര്‍ളയുടേയും വരവ്. 1,000 ശാഖകളുമായി ആദിത്യ ബിര്‍ള ക്യാപിറ്റലാണ് ഗോള്‍ഡ് ലോണ്‍ വിതരണത്തിലേക്ക് കടക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്ത് ആയിരം ശാഖകള്‍ തുറക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഇറാന്‍-യുഎസ് യുദ്ധത്തിന് പിന്നാലെ സുരക്ഷിതനിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കാലത്ത് സ്വര്‍ണവായ്പക്കുള്ള ഡിമാന്‍ഡും കൂടിയിരുന്നു. ഭാവിയിലും സ്വര്‍ണപ്പണയത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ആദിത്യ ബിര്‍ളയടക്കമുള്ള കോര്‍പറേറ്റ് ഭീമന്‍മാര്‍ മേഖലയില്‍ പണമിറക്കാനായി രംഗത്തുള്ളത്.


നേരത്തെ ടാറ്റ ഗ്രൂപ്പും സ്വര്‍ണപ്പണയ വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്താണ് ടാറ്റ ഗ്രൂപ്പിന്റെ വിപണിയിലേക്കുള്ള പ്രവേശനം. ടാറ്റ കാപ്പിറ്റലാണ് യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്തതത്. 27 സംസ്ഥാനങ്ങളിലായി ആയിരത്തിലേറെ ശാഖകള്‍ സ്വര്‍ണപ്പണയ സ്ഥാപനത്തിനുണ്ട്.

ഗോദറേജാണ് മേഖലയില്‍ ചുവടുവെക്കാനൊരുങ്ങുന്ന മറ്റൊരു ഭീമന്‍. ഇതിനായി ഗോദറേജ് ക്യാപിറ്റല്‍ കനകദുര്‍ഗ ഫിനാന്‍സ് എന്ന സ്വര്‍ണപ്പണയ കമ്പനിയെ ഏറ്റെടുത്തിരുന്നു. നിലവില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തുറ്റും മണപ്പുറവുമാണ് മേഖലയിലെ രാജാക്കന്‍മാര്‍. സ്വര്‍ണപ്പണയ വിപണിയില്‍ ഏറെ മുന്നിലുള്ള ഇവരെ വിപണി കൂടി പിടിക്കാന്‍ ലക്ഷ്യമിട്ടാണ് കോര്‍പറേറ്റുകള്‍ ഇറങ്ങുന്നത്.

Post a Comment

0 Comments