ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് കൂടി കളമൊരുങ്ങുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ ചരിത്ര പോരാട്ടത്തിന് പിന്നാലെ കേപ് വെർദെയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഒരുക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്.
സെപ്റ്റംബർ 30-നും ഒക്ടോബർ 6-നും ഇടയിൽ മത്സരം സംഘടിപ്പിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ മത്സരത്തിന് തൊട്ടുമുമ്പോ ശേഷമോ ആയിരിക്കും ഈ മത്സരം നടക്കുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ (PTI) റിപ്പോർട്ട് ചെയ്തു
"ചർച്ചകൾ പുരോഗമിക്കുകയാണ്, അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും സെപ്റ്റംബർ 30-നും ഒക്ടോബർ 6-നും ഇടയിൽ കേപ് വെർദെയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ വലിയ സാധ്യതയുണ്ട്. കാര്യങ്ങൾ ഔദ്യോഗികമായി തീരുമാനിച്ച ശേഷം വേദിയും കൃത്യമായ തീയതിയും പ്രഖ്യാപിക്കും" — ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലോകകപ്പിൽ ചരിത്രമെഴുതിയ കേപ് വെർദെ നിലവിൽ ഫിഫ റാങ്കിംഗിൽ 64-ാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെ,കരുത്തരായ ഉറുഗ്വേയെയും സമനിലയിൽ പിടിച്ചു. റൗണ്ട് ഓഫ് 32-ൽ അർജന്റീനയോട് രണ്ട് തവണ പിന്നിലായ ശേഷവും പൊരുതിക്കയറിയ അവർ, ഒടുവിൽ എക്സ്ട്രാ ടൈമിൽ 2-3 എന്ന സ്കോറിനാണ് കീഴടങ്ങിയത്.ഐസ്‌ലൻഡിന് ശേഷം ഫിഫ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് കേപ് വെർദെ.

0 Comments