ന്യൂഡൽഹി: കൃത്യമായ സന്ദർഭം വ്യക്തമാക്കാതെ കോടതി നടപടികളുടെ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. തന്റെ വാക്കാലുള്ള പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ദുരുദ്ദേശ്യത്തോടെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2026 മെയ് 15-ന് സുപ്രിംകോടതിയിൽ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് 'പാറ്റ' പരാമർശം നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം യുവാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു ഓൺലൈൻ മുന്നേറ്റത്തിന് വഴിവെക്കുകയും ചെയ്തു. ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കൃത്യമായ സന്ദർഭമില്ലാതെ കോടതി നടപടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് സംസാരിച്ചത്.
''എന്റെ പരാമർശം തെറ്റായി ഉദ്ധരിക്കുകയും ദുരുപയോഗം ചെയ്യുകയുമാണുണ്ടായത്. പറയാത്ത കാര്യങ്ങൾ പറഞ്ഞതുപോലെ അവതരിപ്പിക്കപ്പെടുന്നു. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. പ്രത്യേകിച്ച്, രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയൊരു ദുരുദ്ദേശ്യപരമായ ശ്രമമാണിത്''- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യൽ നടപടികൾ ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം, സമൂഹത്തിൽ ഐക്യം നിലനിർത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഓർമിപ്പിച്ചു.
''നിങ്ങൾ സമൂഹമാധ്യമങ്ങളിലോ അച്ചടി മാധ്യമങ്ങളിലോ മറ്റേതെങ്കിലും മാധ്യമങ്ങളിലോ പ്രവർത്തിക്കുന്നവരോ, അല്ലെങ്കിൽ വെറുമൊരു പൗരനോ ആകാം. നമുക്കെല്ലാവർക്കും അവകാശങ്ങളും ഭരണഘടനാപരമായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവും നമുക്കുണ്ടായിരിക്കണം. അതിനാൽ, ഉത്തരവാദിത്തങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു; സമൂഹത്തിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാം എല്ലാവരും അശ്രാന്ത പരിശ്രമം നടത്തണം''- ചീഫ് ജസ്റ്റിസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ജുഡീഷ്യൽ നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ അനധികൃതമായി പ്രചരിപ്പിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും പണമുണ്ടാക്കാൻ ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടുള്ള തന്റെ പുതിയ ഉത്തരവിനെക്കുറിച്ചും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. കോടതി നടപടികളിൽ സുതാര്യത അനിവാര്യമാണെങ്കിലും അത് വാണിജ്യപരമായ ചൂഷണത്തിലേക്ക് നയിക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

0 Comments