ന്യൂഡല്‍ഹി: രാഷ്ട്ര നിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി.
വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. വികസിത ഭാരത നിര്‍മാണത്തില്‍ രാജ്യം മുന്നേറുകയാണ്. ജനങ്ങള്‍ അവരുടെ സ്വപ്നങ്ങള്‍ നേടാനായി പരിശ്രമിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഹൈവേകള്‍, വാട്ടര്‍വേകള്‍, റെയില്‍വേകള്‍, എയര്‍വേകള്‍ എന്നീ രൂപങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂര്‍വമായ വികസനമാണ് ഉണ്ടായിരിക്കുന്നത്. ഇത് പുതിയ സംരംഭങ്ങള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട സഹോദരങ്ങളെ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന യുദ്ധങ്ങളും അസ്ഥിരതയും എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകളും പ്രഖ്യാപിച്ചു.
ഒമ്പത് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയും 19 പേര്‍ക്ക് ശൗര്യചക്രയുമാണ് പ്രഖ്യാപിച്ചത്. മലയാളി സൈനികന്‍ തരുണ്‍ വാസുദേവനും ശൗര്യചക്രയ്ക്ക് അര്‍ഹനായി. പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിച്ചതിനാണ് പുരസ്‌കാരം. രാഷ്ട്രീയ റൈഫിള്‍സ് മേജറാണ് തരുണ്‍ വാസുദേവന്‍.
ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിനും കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിങ്ങിനും കീര്‍ത്തിചക്ര നല്‍കി ആദരിക്കും. ജമ്മു കശ്മീര്‍ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തിചക്ര നല്‍കും.

0 Comments