സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

 





കൊച്ചി: കേരളത്തില്‍ സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 20 രൂപ വര്‍ധനയിലാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. 14,920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,14,320 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്.

ഔണ്‍സിന് 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 4,391.14 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.അമേരിക്കയില്‍ നിന്നുള്ള ഏറ്റവും പുതിയ സാമ്പത്തിക കണക്കുകളാണ് വിപണിയുടെ പ്രതീക്ഷ മാറ്റിയത്.ജൂലൈയില്‍ അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉപഭോക്തൃ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന നിലയിലാണ്. റീട്ടെയില്‍ വില്‍പ്പനയിലും ദൗര്‍ബല്യം പ്രകടമായി.ഇതോടെ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. Reuters നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വേയിലും ഭൂരിഭാഗം വിദഗ്ധരും ഈ വര്‍ഷം അവസാനം വരെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് നിലവിലെ 3.50-3.75 ശതമാനം പരിധിയില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പലിശനിരക്ക് ഉയരാനുള്ള സാധ്യത കുറയുന്നത് സ്വര്‍ണത്തിന് അനുകൂലമാണ്.അതേസമയം, പലിശനിരക്ക് സംബന്ധിച്ച് ഫെഡറല്‍ റിസര്‍വിന്റെ പുതിയ മിനിട്‌സ് ഉടന്‍ പുറത്തുവരും.

പലിശനിരക്കിനെക്കുറിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായം എന്താണ്, വരും മാസങ്ങളില്‍ കേന്ദ്രബാങ്കിന്റെ നയം എങ്ങോട്ടാണ് നീങ്ങുന്നത് തുടങ്ങിയ സൂചനകള്‍ ഈ മിനിറ്റ്‌സില്‍ നിന്ന് നിക്ഷേപകര്‍ തേടും. അത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സ് 250 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയില്‍ 63 പോയിന്റ് നഷ്ടം നേരിട്ടു. ക്രൂഡോയില്‍ വില വര്‍ധനയും മറ്റ് സൂചികകളിലെ നഷ്ടവുമാണ് ഇന്ത്യന്‍ സൂചികയേയും ബാധിച്ചത്.

Post a Comment

0 Comments