'പ്രശ്നങ്ങൾ തുറന്നു പറഞ്ഞപ്പോൾ പലരും തന്നെ വില്ലനാക്കാൻ ശ്രമിച്ചു': പാർവതി തിരുവോത്ത്




 സിനിമാ മേഖലയിലെ തന്റെ 20 വർഷത്തെ യാത്രയെക്കുറിച്ചും നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്ത്. സിനിമാ മേഖയിലുള്ള പല പ്രശ്നങ്ങളും തുറന്നു പറഞ്ഞപ്പോൾ തന്നെ വില്ലനാക്കാൻ പലരും ശ്രമിച്ചെന്നും താരം പറയുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ഇതുവരെ എടുത്ത നിലപാടുകളിൽ യാതൊരുവിധ നിരാശയും തനിക്ക് തോന്നിയില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്നും താരം പറയുന്നു. സിനിമയിൽ കരിയർ ആരംഭിച്ച സമയങ്ങളിൽ സിനിമയിലെ പവർഫുള്ളായ ഗ്രൂപ്പുകൾ ഈ മേഖലയിൽ ആവശ്യമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ ഇത്തരം ഗ്രൂപ്പുകളെ ആശ്രയിക്കാതെ തന്നെ സിനിമകൾ ചെയ്യാനും മേഖല മുമ്പോട്ട് പോകുമെന്നും പിന്നീട് മനസ്സിലാക്കിയെന്നും താരം പറയുന്നു.

തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടാലും സംവിധായകർക്കും നടന്മാർക്കും വീണ്ടും അവസരങ്ങൾ നൽകാൻ ആളുകളുണ്ട്. എന്നാൽ ഒരു സിനിമ പരാജയപ്പെട്ടാൽ പോലും മാറ്റിനിർത്തപ്പെടുന്ന നിരവധി സ്ത്രീകൾ മലയാള സിനിമാ മേഖലയിലുണ്ടെന്നും പാർവ്വതി പറയുന്നു.

അതേസമയം, താരസംഘടനയായ അമ്മയിലേക്ക് തിരികെ വരില്ലെന്ന് താരം നിലപാട് വ്യക്തമാക്കിയിരുന്നു. അമ്മ സംഘടന തന്‍റെ വിഷയമല്ലെന്നും എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിതമായ ഇടമായി ആ സംഘടനയെ തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡിയാണ് പാർവ്വതി മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ആദർശ് ഗൗരവ്, ഷനയ കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തു യാ മേൻ എന്ന ത്രില്ലർ ഡ്രാമയിലും പാർവ്വതി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Post a Comment

0 Comments