തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം. സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നാണ് തീരുമാനം. അനുനയ നീക്കത്തിലേക്കും സിപിഎം കടക്കില്ല. പ്രശ്ന പരിഹാരത്തിന് സമയമുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പിണറായി വിജയൻ നിലപാട് കടുപ്പിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം ശക്തമാകുകയാണ്. അതേസമയം, ദേശീയ നേതൃത്വത്തെ വീണ്ടും സമീപിക്കാനാണ് ആലോചന. വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ. അതേസമയം, സിപിഐയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാരിനെതിരായ ഡൽഹി സമരത്തിന് ശേഷമായിരിക്കുമെന്നാണ് വിവരം.
പദവി സിപിഐക്ക് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കിയതോടെ വിയോജിപ്പും ശക്തമായത്. സിപിഐയുടെ അഭിമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി പ്രതികരിച്ചിരുന്നു. എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കുമെങ്കിലും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം.
തർക്കം തുടരുകയാണെങ്കിൽ നിയമസഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന ആവശ്യത്തിലേക്ക് വരെ സിപിഐ നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഐ സംഘടിപ്പിക്കുന്ന സമരത്തിന് ശേഷം കൂടുതൽ തീരുമാനങ്ങളുണ്ടാകും

0 Comments