തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വൈകിട്ട് ഏഴ് മണി വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് ഉൾപ്പെടെ ഇടവേളകളില്ലാതെ മഴ തുടരുന്ന സാഹചര്യമാണുള്ളത്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. പുതിയ അലർട്ട് പ്രകാരം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒട്ടുമിക്ക ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും ഇടുക്കിയിലും പെട്ടെന്നുള്ള മഴസാഹചര്യം കണക്കിലെടുത്ത് വരും മണിക്കൂറുകളിൽ പ്രത്യേക ജാഗ്രതയും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

0 Comments