ഇറ്റാനഗർ: മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിലെ സൈനിക ക്യാമ്പ് ഒഴുകിപ്പോയി അഞ്ച് പേരെ കാണാതായി. ഏഴ് സൈനികർ ഒഴുക്കിൽ പെട്ടെങ്കിലും രണ്ടു പേരെ രക്ഷിക്കുകയായിരുന്നു. ദിബാങ് മാലിയിലെ പാസുപാനി ആർമി ക്യാമ്പാണ് ഒലിച്ചു പോയത്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ഉരുൾപ്പൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെയും കാണാതായി. അതിൽ ഒരാളുടെ മൃതദേഹം പിന്നീട് ലഭിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പസു പാനി ആർമി ക്യാമ്പിലെ '5-ാം ഗ്രനേഡിയർ' വിഭാഗത്തിന്റെ രണ്ട് രണ്ട് ക്യാമ്പുകളാണ് ഒലിച്ചു പോയത്.ഹവിൽദാർ ഉപേന്ദർ, കുന്ദൻ ,വിനോദ്, ആദിത്യ, സമുന്ദ എന്നീ സൈനിക ഉദ്യോഗസ്ഥരെയാണ് കാണാതായിട്ടുള്ളത്. സമീപപ്രദേശങ്ങളിൽ നിന്നുള്ള സൈനികരുടേയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിലാണ് കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്നത്. താഡു ബകി ,താജി റായ് ,മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മണ്ണിടിച്ചിലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികൾ. ഇതിൽ ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments