പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും; അമിത് ഷാ എത്തുമോ എന്നതിൽ സസ്പെൻസ്


ന്യൂഡൽഹി: പാർലമെന്റ് വർഷക്കാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ, വിദ്യാർഥി പ്രതിഷേധം ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തി മറുപടി നൽകുമോ എന്നതിലെ സസ്പെൻസ് തുടരുകയാണ്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ സർക്കാർ ഒളിച്ചോടുകയാണെന്ന രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇന്ന് ഉച്ചയോടെ തന്നെ സഭാ നടപടികൾ പൂർത്തിയാക്കി പാർലമെന്റ് പിരിയാനാണ് സാധ്യത.

ജന്തർമന്ദറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ പെല്ലറ്റ് പ്രയോഗത്തിലും, അയോധ്യ രാമക്ഷേത്ര കൊള്ളയിലും അമിത് ഷാ നേരിട്ട് മറുപടി പറയണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വെടിയുതിർത്തില്ല എന്ന് സർക്കാർ വാദിക്കുമ്പോഴും, വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യത്തിൽ ആരാണ് പെല്ലറ്റ് പ്രയോഗത്തിന് നിർദേശം നൽകിയത് എന്നതിൽ വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. വിദ്യാർഥികളെ ആക്രമിക്കാൻ നിർദേശം നൽകിയത് അമിത് ഷാ ആണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

ഏത് ചോദ്യങ്ങൾക്കും മറുപടി പറയാനും രണ്ടു ദിവസം നീളുന്ന ചർച്ചകൾക്കും തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ, സഭയിൽ പ്രതിഷേധിക്കില്ലെന്ന് ചർച്ച തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് രേഖാമൂലം എഴുതി നൽകണമെന്ന വ്യവസ്ഥ പ്രതിപക്ഷം പൂർണമായി തള്ളി. അമിത് ഷാ ഒരുക്കിയ കെണിയിൽ വീഴാൻ തയ്യാറല്ലെന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. പ്രതിഷേധങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, പ്രതിപക്ഷത്തിരിക്കെ മുൻ ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ഓർമിപ്പിക്കുന്നു.

സമ്മേളനത്തിനിടെ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഒരു ബിജെപി എംപി നടത്തിയ 'ലുങ്കിവാല' പരാമർശവും സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ വംശീയ പരാമർശത്തിൽ ചില ബിജെപി അംഗങ്ങൾക്ക് പോലും വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആദ്യം അമിത് ഷാ സഭയിൽ വരട്ടെ, എന്നിട്ട് ചർച്ചയാകാം എന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ, ആദ്യം പ്രതിഷേധം അവസാനിപ്പിച്ച് സഭയിൽ അന്തരീക്ഷം ഒരുക്കുക, അതിനുശേഷം മാത്രം ആഭ്യന്തര മന്ത്രി വരും എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഈ പ്രതിസന്ധി തുടരുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് മുമ്പായി തന്നെ വർഷക്കാല സമ്മേളനം പിരിയാനാണ് സാധ്യത. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ച ചെയ്യാതെ, ബില്ലുകൾ വളരെ പെട്ടെന്ന് പാസാക്കിയെടുത്ത് ഭരണപക്ഷം ഓടിയൊളിക്കുന്ന കാഴ്ചയാണ് ഇത്തവണ കണ്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.



Post a Comment

0 Comments