കെ.എം ബഷീർ കൊലക്കേസ്; വിചാരണ കോടതി മാറ്റണമെന്ന ഭാര്യയുടെ ആവശ്യം ഹൈക്കോടതി തള്ളി

 



കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന ബഷീറിന്റെ ഭാര്യ സി. ജസീലയുടെ ആവശ്യം ഹൈക്കോടതി തള്ളി.

അതേസമയം, പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനമേൽക്കുന്നതുവരെയാണ് വിചാരണ നിർത്തിവെച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം വിചാരണ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി.

കേസ് നിലവിൽ നടക്കുന്ന തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തന്നെ വിചാരണ തുടരും.

സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സി. ജസീല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

2019 ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിച്ചത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനാണ് പ്രതി.

Post a Comment

0 Comments