കണ്ണൂർ: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് വ്യാപിപ്പിച്ച് പോലീസ്. മുൻ സ്പീക്കർ എ.എൻ ഷംസീറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ എം.കെ റിജുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചു.
ഇഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോഴുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് കേസ്. സംഭവസമയത്ത് റിജു സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ ഗൂഢാലോചന നടത്തിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏകദേശം 50 സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ജോൺ ബ്രിട്ടാസ് എം.പി, വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി. ജോയി തുടങ്ങിയ നേതാക്കളും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം.
ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഒഴിവാക്കിയെങ്കിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് തുടരുകയാണ്.
%20(1).jpg)
0 Comments