പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ആഘോഷപ്പാച്ചിലില്‍ കേരളം

 



കോഴിക്കോട്: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അവസാന വട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.

പൂക്കളും പൂക്കളവും പുതുവസ്ത്രങ്ങളും സദ്യയും ഊഞ്ഞാലാട്ടവുമെല്ലാം മനം നിറയ്ക്കുന്ന ഓണം പുലരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കച്ചവട സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കമായിട്ടുണ്ട്. ആഗസ്റ്റ് 30 വരെ നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അരങ്ങേറുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളില്‍ മൂവായിരത്തോളം കലാകാരന്മാര്‍ അരങ്ങിലും അണിയറയിലുമായെത്തും.

വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

അതേസമയം തിരുവോണ ദിനത്തിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Post a Comment

0 Comments