ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി. എന്നാൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ച വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആഭ്യന്തരമന്ത്രി ഈ വിഷയത്തിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളങ്ങൾക്കിടെ, വന്ദേമാതരം പൂർണമായി ആലപിച്ച ശേഷം സ്പീക്കർ ഓം ബിർള സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.
സമ്മേളനം തുടങ്ങിയ ആദ്യ ദിവസത്തിന് ശേഷം പ്രധാനമന്ത്രി മോദി സഭയിൽ എത്തിയത് അവസാന ദിവസമായ ഇന്നാണ്. ഈ സമ്മേളന കാലയളവിൽ ആകെ പത്ത് മിനിറ്റിൽ താഴെ മാത്രമാണ് മോദി സഭയിൽ ചിലവഴിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. കഴിഞ്ഞ 19 ദിവസമായി സഭയിൽ എത്താതിരുന്ന അമിത് ഷായും ഇന്ന് സഭയിൽ ഹാജരായിരുന്നു. എന്നാൽ പെല്ലറ്റ് ആക്രമണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പിലെ ഉന്നതൻ ആരാണെന്ന് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് തുടക്കം മുതൽ പ്രതിപക്ഷം സഭയിൽ വലിയ ബഹളം വെച്ചു. തുടർന്ന് സ്പീക്കർ വന്ദേമാതരം ആലപിക്കാൻ നിർദേശിക്കുകയായിരുന്നു. മൂന്ന് മിനിറ്റോളം നീണ്ട വന്ദേമാതര ആലാപനം കഴിഞ്ഞയുടനെ സ്പീക്കർ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭാ നടപടികൾ ഇപ്പോഴും തുടരുകയാണ്.
തുടർച്ചയായി സഭയിൽ നിന്ന് വിട്ടുനിന്ന അമിത് ഷാ അവസാന ദിവസം മുഖം രക്ഷിക്കാൻ എത്തിയപ്പോൾ അതിന് കൂട്ടുനിൽക്കില്ലെന്ന് തങ്ങൾ നേരത്തെ തന്നെ സ്പീക്കറെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എംപി പ്രതികരിച്ചു. ചോദ്യങ്ങളെ ഭയന്ന് സർക്കാർ സഭയിൽ നിന്നും ഒളിച്ചോടുകയാണ്. പാർലമെന്റ് ചരിത്രത്തിൽ ഇതിന് മുൻപ് ഭരണപക്ഷം ഇങ്ങനെ ഒളിച്ചോടുന്ന കാഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ഈ വിഷയത്തിൽ അമിത് ഷാ മറുപടി പറയും വരെ സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയുടെയും മറ്റും നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.
ജന്തർ മന്തറിൽ വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിമാർ നേരത്തെ സഭയിൽ പറഞ്ഞത്. എന്നാൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവർ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഈ രേഖകൾ ലഭ്യമായിരിക്കെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രത്തിനെതിരെ കെ.സി വേണുഗോപാൽ അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഡീലിമിറ്റേഷൻ അടക്കമുള്ള ബില്ലുകൾ പാസാക്കുമെന്ന് വീരവാദം മുഴക്കിയവർ പ്രതിപക്ഷത്തിന് മുന്നിൽ കീഴടങ്ങുന്നതാണ് ഒടുവിൽ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാല സമ്മേളനം വരെ സഭ പിരിഞ്ഞ സാഹചര്യത്തിൽ, ഇനി വരും ദിവസങ്ങളിൽ സഭയ്ക്ക് പുറത്ത് വിഷയം സജീവമായി നിലനിർത്തി സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
%20(1).jpg)
0 Comments