പൊലീസിനെതിരെ പരസ്യഭീഷണി; സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനുവിനെതിരെ കേസ്

 



പത്തനംതിട്ട: പൊലീസിന് നേരെ പരസ്യഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ കേസ്. മല്ലപ്പള്ളിയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെ പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് രാത്രി പരിശോധന നടത്തിയതിനെ തുടർന്നാണ് സിപിഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദയഭാനു വിവാദ പരാമർശങ്ങൾ നടത്തിയത്.

പൊലീസുകാർക്കും വീടുകളിൽ അമ്മയും പെങ്ങന്മാരും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, ഞങ്ങളുടെ വീടുകളിൽ കയറി രാത്രി പരിശോധന നടത്തിയാൽ തിരിച്ചും ഞങ്ങൾ വീടുകളിൽ കയറുമെന്നുമായിരുന്നു കെ.പി ഉദയഭാനുവിന്റെ ഭീഷണി പ്രസംഗം. പാർട്ടി പ്രവർത്തകരുടെ വീടുകളിൽ കയറി പൊലീസിന്റെ ഭീഷണി അനുവദിക്കില്ലെന്നും ഉദയൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുകയുണ്ടായി.

നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രദേശത്തെ ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കീഴ്വായ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Post a Comment

0 Comments