സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കിയതിൽ പാർലമെന്‍റിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം...’ എന്ന ഗാനം ആലപിച്ചതിനെ ചൊല്ലി വിവാദം. ഗാനത്തിന്‍റെ രചയിതാവായ ശ്രീകുമാരൻ തമ്പിയുടെ പേര് പരാമർശിക്കാതിരുന്നതിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ കേന്ദ്ര മന്ത്രിയെ ചിലത് ഓർമ്മപ്പെടുത്തി രംഗത്തെത്തിയത്
കേരളത്തെക്കുറിച്ചുള്ള ഗാനമെന്ന നിലയിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ഗാനത്തിന്‍റെ രചയിതാവിനെ പരാമർശിക്കാതെ ‘ഒരു മഹാകവി’ എന്ന വിശേഷണത്തിൽ ഒതുക്കിയെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. ഗാനത്തിന് മുമ്പ് വയലാറിന്‍റെയും ജി. ദേവരാജന്‍റെയും പേരുകൾ സുരേഷ് ഗോപി പരാമർശിച്ചതിനാൽ, ഈ ഗാനവും വയലാർ രചിച്ചതാണെന്ന് ആളുകൾ കരുതട്ടെയെന്ന ഉദ്ദേശം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നോയെന്നും ശ്രീകുമാരൻ തമ്പി പരിഹാസരൂപത്തിൽ ചോദിക്കുന്നു.
മറക്കുന്ന, വന്ന വഴികൾ
തന്‍റെ പേര് പറയാതിരുന്നതിന് സുരേഷ് ഗോപിക്ക് ചില കാരണങ്ങളുണ്ടാകാമെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. മോഹൻലാലിനെ നായകനാക്കി താൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ, അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ പ്രധാന വില്ലനായി അവതരിപ്പിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. പിന്നീട് സുരേഷ് ഗോപി നായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് ശ്രീകുമാരൻ തമ്പി നിർബന്ധിച്ചെന്നും അങ്ങനെയാണ് ഐവി ശരി, സുരേഷ് ഗോപിയെ ആദ്യമായി നായകനാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ബന്ധുവാര് ശത്രുവാര്'
‘ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കേണ്ട എന്ന സത്യവും എനിക്കറിയാം’ എന്ന പരിഹാസത്തോടെയാണ് അദ്ദേഹം കുറിപ്പ് തുടരുന്നത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇക്കാര്യങ്ങളെല്ലാം മറന്നിട്ടുണ്ടാകാമെന്നും എന്നാൽ ഈ 86 -ാം വയസിലും തന്‍റെ ഓർമ്മശക്തിക്ക് കുഴപ്പമൊന്നുമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സുരേഷ് ഗോപി ഈ ‘മറവിരോഗത്തിൽ’ നിന്ന് രക്ഷപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. തന്‍റെ മറ്റൊരു പ്രശസ്ത ഗാനമായ ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ...’ എന്ന വരികൾ തന്‍റെ പേര് പറയാതെതന്നെ സുരേഷ് ഗോപി ഉദ്ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പരിഹാസരൂപത്തിൽ കൂട്ടിച്ചേർത്തു

0 Comments