കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി. എസ് പ്രശാന്തിനെതിരെയും എ.അജികുമാറിനെതിരെയും പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കി . ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കുമുള്ള ബന്ധം തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കിയത്. ഇരു പ്രതികളെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ കവർച്ചയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇരുവരുടെയും ജാമ്യഹരജിയിൽ വാദം തുടരുകയാണ്. ദ്വാരപാലക ശില്പ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണിക്കൃഷൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൽ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. . അജികുമാറും പോറ്റിയും നേരിൽ കണ്ടതിന്‍റെ തെളിവുകളുമുണ്ട്.
സ്മാർട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇ-മെയിലിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന് അപേക്ഷ നൽകിയത്. സ്വർണം പൂശലിന്‍റെ 40 വർഷ വാറന്‍റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ്. ദേവസ്വം സ്വത്തിന്‍റെ വാറന്‍റി സ്വകാര്യ വ്യക്തിയുടെ പേരിലായതിലും ദുരൂഹതയുണ്ട്. ഇതു റദ്ദ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാർ നിർമിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പ്രശാന്തിനെയും അജികുമാറിനെയും ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി.
%20(1).jpg)
0 Comments